ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ആളെ ക്യാമറയ്ക്ക് മുന്നില്‍ കിട്ടുന്നത്. അതും ഒരു മിന്നായംപോലെ, ആദ്യതവണ കണ്ടപ്പോള്‍ തന്നെ ഏറെ ഇഷ്ടം തോന്നിയ ഒരു കുഞ്ഞു ജീവിയെപറ്റിയാണ് ഈ പറഞ്ഞത് കേട്ടോ.
Jewel Bugs അഥവാ രത്നമൂട്ട എന്നറിയപ്പെടുന്ന ഭംഗിയുള്ള തിളക്കമാര്‍ന്ന പച്ച നിറത്തോടുകൂടിയ ഒരു ജീവി, അന്ന് അതിനെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് കണ്ടപ്പോൾ ഒക്കെ ഫോട്ടോ എടുക്കുന്നതിനു മുൻപേ പറന്നു പോകാറാണ് പതിവ്. അങ്ങനെ അന്നുമുതൽ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു ആ ഭംഗി ക്യാമറയിൽ പകർത്തുക എന്നുള്ളത്. എന്നാൽ പിന്നെയും ഒരു മിന്നായം പോലെ ഒരു ക്ലിക്ക് മാത്രം നല്‍കി എവിടേക്കോ പോയി. അന്നുമുതൽ ഏതാണ്ട് രണ്ടു വർഷത്തോളം ഉള്ള കാത്തിരിപ്പ്, ഒടുവിൽ ഇന്ന് എനിക്ക് ഫോട്ടോ എടുക്കാൻ വേണ്ടി സമയം കരുതിവെച്ചിരുന്നതുപോലെ എന്‍റെ മുന്നിൽ വന്നിരുന്നു. മാത്രമല്ല, അവിടെ ഉണ്ടായിരുന്ന ബാഗ്രൗണ്ട് യോജിക്കുന്നില്ല എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേക്കും അതുതന്നെ നേരെ ചെന്ന് നല്ലൊരു സ്ഥലത്ത് ഇരുന്നു. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
True Bugs കുടുംബത്തിൽപ്പെടുന്ന കൂട്ടരാണ് രത്ന മുട്ടകൾ അഥവാ Jewel Bugs. ഇതിൻറെ സവിശേഷത ഏറിയ നിറങ്ങൾ കാരണം ഇവയെ മെറ്റാലിക് ഷീൽഡ് ബഗ്സ് എന്നും അതുപോലെ മുതുകു ഭാഗത്തെ വലിപ്പക്കൂടുതൽ കാരണം ഷീൽഡ് ബാക്ക്ഡ്-ബഗ്സ് എന്നും അറിയപ്പെടാറുണ്ട്.
ഈ കാരണങ്ങൾ തന്നെയാണ് ഇവയെ മറ്റു ചെറുപ്രാണികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ പലരും വണ്ടുകൾ ആയി തെറ്റിദ്ധരിക്കാറുണ്ട്. ധാന്യ-ചെടികളുടെ നീരും മറ്റും ആണ് ഇവയുടെ പ്രധാന ആഹാരം. സ്റ്റിങ്ക്-ബഗ്സിനെപോലെ തൊട്ടു കഴിഞ്ഞാലോ ശത്രുക്കളുടെ ആക്രമണം ചെറുക്കാനും വേണ്ടി ദുർഗന്ധം പുറപ്പെടുവിക്കുന്ന ഒരു ശീലവുമുണ്ട് ഇവയ്ക്ക്.
ഏകദേശം 5-മില്ലിമീറ്റർ മുതൽ 20-മില്ലിമീറ്റർ വരെയാണ് വലിപ്പം. ദീർഘ വൃത്താകൃതിയോടുകൂടിയാണ് ഇവയെ കാണപ്പെടുന്നത്. കവചം പോലുള്ള ഇവയുടെ ഉടല്‍ഭാഗം പ്രധാന പ്രത്യേകതയാണ്. തലഭാഗം ത്രികോണാകൃതിയിലും അതുപോലെ സ്പര്‍ശനിയില്‍ മൂന്നുമുതൽ അഞ്ചുവരെ ഖണ്ഡങ്ങളും കാണപ്പെടുന്നു. വളഞ്ഞ ചുണ്ടുകളാണ് മറ്റൊരു പ്രത്യേകത.
പിന്നെ എടുത്തു പറയേണ്ടത് തിളക്കമാർന്ന അവയുടെ നിറം തന്നെയാണ് അതിനുകാരണം പ്രകാശത്തിന്‍റെ പ്രകീര്‍ണതയും, വിഭംഗനവും, വ്യതികലനവുമാണ്. മഞ്ഞ കലർന്ന പച്ച ലോഹനിറത്തിലും തവിട്ടുകലർന്ന ചുവന്ന ലോഹനിറത്തിലും പുറമേ കറുത്ത പുള്ളികളോടും കൂടിയാണ് കാണപ്പെടുന്നത്. ചെടികളുടെ ഇലകളിൽ ചെറിയ കൂട്ടമായി മുട്ടയിടുന്നതാണ് ഇവയുടെ പ്രത്യുല്‍പാദന രീതി.
ഇനി ഒരു കാര്യം കൂടെ പറയാം, “നമ്മൾ ഒരുപാട് ഒരു കാര്യം ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്‌താല്‍ അത് സാധിക്കും” എന്ന് പറയുന്നത് വെറുതെയല്ല. അതുപോലെ പ്രകൃതിയെ സ്നേഹിച്ചാൽ തിരിച്ചും ആ സ്നേഹം ലഭിക്കുക തന്നെ ചെയ്യും.
ഇനിയും നല്ല അനുഭവങ്ങളും അറിവുകളും നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ,
അനസ് സഞ്ജീവന്‍
Comments