രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങി പറമ്പിലും മുറ്റത്തും ഒക്കെ നടന്നു ചുറ്റുമുള്ള ചെടികളിലും പൂക്കളിലും ഒക്കെ കണ്ണോടിക്കുന്നൊരു ശീലമുണ്ട് വീട്ടിലുള്ളപ്പോള്‍.
അങ്ങനെ പതിവുപോലെ മുറ്റത്തേക്കിറങ്ങി തറയില്‍ നോക്കിയപ്പോഴാണ് ഒരു മൂലയില്‍ ഹോളോബ്രിക്ക്സിനു ഇടയിലൂടെ കുറെ പുല്‍നാമ്പുകളും കുഞ്ഞു-പായല്‍ചെടികളും ഒക്കെ നിറഞ്ഞുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്, മഴക്കാലമായതിനാലാവണം. ആ പച്ചപ്പാണ് എന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
കുറച്ചുനേരമായി നോക്കി നിന്നപ്പോള്‍ അവയ്ക്കിടയിലൂടെ ഒരു കുഞ്ഞു-ജീവി ഇഴഞ്ഞു നീങ്ങുന്നത് കണ്ണില്‍പെട്ടു. ഉടന്‍തന്നെ ക്യാമറ സെറ്റ് ചെയ്ത് അതിനടുത്തേക്ക് ചെന്നു. അടുത്തേക്ക് പോകുംതോറും അതിനു ഭംഗി കൂടി വരുന്നതുപോലെ തോന്നി.
മഞ്ഞയും വെള്ളയും കലര്‍ന്ന ഒരു ചെറിയ പുഴു(ലാര്‍വ). വെള്ള എന്ന് പറയുന്നതിനേക്കാള്‍ വെള്ള കലര്‍ന്ന വെള്ളം പോലെ സുതാര്യമായ ശരീരം പിന്നെ രണ്ടഗ്രഭാഗത്തും അതുപോലെ മഞ്ഞനിറവും. വളരെ പതുക്കെയാണ് ആളുടെ ചലനങ്ങള്‍. കുറച്ചുകൂടെ അടുത്ത് ചെന്നുനോക്കിയപ്പോള്‍ കണ്ട ആ ലാര്‍വയുടെ മുഖമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.
"ഒരു കൊച്ചു കുഞ്ഞിന്‍റേതെന്നപോലെ ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖം".
മഞ്ഞനിറമുള്ള മുഖത്തില്‍ ചെറിയ കറുത്ത രണ്ട് കണ്ണുകള്‍, വായഭാഗം ചുവന്ന ചുണ്ടുകള്‍ പോലെയും ഒത്തിരി ഭംഗിയുള്ള കാഴ്ച്ച. മുറ്റത്ത് വളര്‍ന്ന കുഞ്ഞു ചെടികള്‍ പയ്യെ പയ്യെ കഴിക്കുകയായിരുന്നു ആശാന്‍. കുറച്ചുനേരം നോക്കി നിന്നയുടന്‍ അതിന്‍റെ ചലനങ്ങളും ഭംഗിയും ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ ആരംഭിച്ചു.
മുന്നിലുള്ളത് ഒരു Sawfly ടെ ലാര്‍വയാണ്. ഒറ്റനോട്ടത്തില്‍, കണ്ടാല്‍ ഒരു ചെറിയ ശലഭപ്പുഴു (Caterpillar) ആണെന്ന് ചിലപ്പോള്‍ തെറ്റിദ്ധരിച്ചേക്കാം. കാരണം, ഇവയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇക്കൂട്ടരെ തിരിച്ചറിയാന്‍ ഏറ്റവും നല്ലത് അവയുടെ വ്യത്യസ്തമായ കുഞ്ഞു മുഖം തന്നെയാണ്. പിന്നീടുള്ളത് വളരെ തിളക്കമുള്ള മാംസളമായ ശരീര ഘടനയും അടിവയറിന്‍റെ ഓരോ ഭാഗത്തും (ഖണ്ഡങ്ങളിലും) കാണപ്പെടുന്ന കൂപദങ്ങളുമാണ്. ശലഭപ്പുഴുക്കളില്‍ ഇവ കണ്ടുവരുന്നത് പൊതുവെ നടുവിലും വാലറ്റത്തുമായാണ്. മാത്രമല്ല, ശലഭപ്പുഴുക്കളില്‍ അഞ്ച് ജോടിയില്‍ കൂടുതല്‍ അടിവയറ്റിലെ കൂപദങ്ങള്‍ ഉണ്ടാകാറില്ല എന്നാല്‍ Sawflyക്ക് ആറോ അതിലധികമോ ജോഡി ഉണ്ടാവും. ഇവ സസ്യജാലങ്ങളില്‍ പെടുന്ന കൂട്ടരുമാണ്.
ഏതു ജീവികളിലായാലും കുഞ്ഞുങ്ങളെ കാണാന്‍ എപ്പോഴും ഒരു പ്രത്യേക ഭംഗിയാണ്. ഇതുപോലെ എത്ര എത്ര ജീവികള്‍ നമുക്കു ചുറ്റുമുണ്ട്. പുതിയ പുതിയ അനുഭവങ്ങളും, കൗതുകമേറിയ കാഴ്ച്കളും ഇനിയും നിങ്ങള്‍ക്കുമുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍.
-അനസ് സഞ്ജീവന്‍
Comments